കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം നാളെ; കെപിസിസിയില്‍ എ.കെ. ആന്റണി പതാക ഉയര്‍ത്തും

Jaihind News Bureau
Saturday, December 27, 2025

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം കെപിസിസിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28-ന് സംസ്ഥാനവ്യാപകമായി വിപുലമായി ആഘോഷിക്കും. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 10 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ. ആന്റണി പാര്‍ട്ടി പതാക ഉയര്‍ത്തുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. സേവാദള്‍ വാളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് സ്ഥാപക ദിന സന്ദേശം നല്‍കും.

കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ഭാഗമാകും. പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ പ്രധാന ചടങ്ങിന് പുറമെ സംസ്ഥാനത്തെ എല്ലാ ഡിസിസി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സ്ഥാപക ദിനം ആഘോഷിക്കും. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചും വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ നടത്താന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.