
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ശുദ്ധമായ രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരും സംസാരിക്കരുത് എന്ന ഏകാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ സമാനമായ കേസുകളില്‍ നടപടിയെടുക്കാത്തത് സി.പി.എം-ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
സമാനമായ ചിത്രം പങ്കുവെച്ച ബിജെപ് സംസ്ഥാന പ്രസിഡന്റിനെതിരെ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാത്തതും ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണ്. ‘ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മ്മയുള്ളൂ. അദ്ദേഹം കടകംപള്ളി സുരേന്ദ്രനെ കണ്ടത് മുഖ്യമന്ത്രി മറന്നുപോയോ?’ – ചെന്നിത്തല പരിഹസിച്ചു.
സോഷ്യല്‍ മീഡിയയില്‍ എത്രയോ ചിത്രങ്ങള്‍ പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ഭരണകക്ഷി നേതാക്കളുടെ ബന്ധം മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കുടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.