
തിരുവനന്തപുരം മേയര്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ പുകയുന്നു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. താന്‍ അപമാനിതയായെന്ന വികാരം അവര്‍ പാര്‍ട്ടി നേതാക്കളുമായും അടുത്ത വൃത്തങ്ങളുമായും പങ്കുവെച്ചു. നിലവില്‍ പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും പാര്‍ട്ടിയുടെ നിലപാടില്‍ ശ്രീലേഖയ്ക്ക് വലിയ പ്രതിഷേധമുണ്ട്.
ഇന്നലെ നടന്ന മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ ശ്രീലേഖ മടങ്ങിയത് ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. കൗണ്‍സില്‍ ഹാളില്‍ വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞയും ആഘോഷങ്ങളും നടക്കുമ്പോള്‍ അതിലൊന്നും പങ്കുചേരാതെയാണ് ശ്രീലേഖ മടങ്ങിയത്. ചടങ്ങ് തീരും മുമ്പേയുള്ള അവരുടെ ഈ പിന്‍വാങ്ങല്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
മേയര്‍ സ്ഥാനാര്‍ത്ഥിയായി ശ്രീലേഖയെ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടിയതെന്ന സംസാരമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിര്‍ണ്ണായക നിമിഷത്തില്‍ അവരെ പാടേ തഴഞ്ഞ് വി.വി. രാജേഷിനെ മേയര്‍ പദവിയിലേക്ക് എത്തിക്കുകയായിരുന്നു. ഈ അവസാന നിമിഷത്തെ മാറ്റമാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.