അവിസ്മരണീയമായ വികസനഗാഥയുടെ ശില്പി; മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതൃത്വം

Jaihind News Bureau
Friday, December 26, 2025

 


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് രാജ്യം. മന്‍മോഹന്‍ സിംഗിന്റെ വിനയവും സത്യസന്ധതയും അചഞ്ചലമായ കാഴ്ചപ്പാടുകളും വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു.

ഇന്ത്യയുടെ സാമ്പത്തിക പാതയെ പുനര്‍നിര്‍മ്മിച്ച പരിവര്‍ത്തന നായകനായിരുന്നു മന്‍മോഹന്‍ സിംഗെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സഹായിച്ചു. വിനയവും ജ്ഞാനവും മുഖമുദ്രയാക്കിയ അദ്ദേഹം അന്തസ്സോടെയും കരുണയോടെയുമാണ് രാജ്യത്തെ നയിച്ചതെന്നും ഖര്‍ഗെ എക്‌സില്‍ കുറിച്ചു.

തന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിലൂടെ ഇന്ത്യയെ സാമ്പത്തികമായി ശാക്തീകരിച്ച വ്യക്തിയായിരുന്നു മന്‍മോഹന്‍ സിംഗെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം എടുത്ത ധീരമായ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യയ്ക്ക് പുതിയൊരു മാനം നല്‍കി. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ലളിതജീവിതവും എന്നും നമുക്ക് മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുല്യതയില്‍ വിശ്വസിച്ചിരുന്ന ധീരനും അന്തസ്സുള്ളവനുമായ നേതാവായിരുന്നു മന്‍മോഹന്‍ സിംഗെന്ന് പ്രിയങ്ക ഗാന്ധി എം പി അനുസ്മരിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും എന്നും പ്രചോദനം നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തിയ, നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിച്ച ഒരു രാജ്യതന്ത്രജ്ഞനായാണ് എഐസിസി മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിച്ചത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ നിരവധി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.