നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതാവളങ്ങള്‍ തകര്‍ത്ത് യുഎസ് വ്യോമാക്രമണം; ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് ട്രംപ്

Jaihind News Bureau
Friday, December 26, 2025

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തി. നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിന് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. നൈജീരിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അറിവോടെയാണ് ഈ ദൗത്യം നടപ്പിലാക്കിയതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇതില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ‘നൂറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത വിധം നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഭീകരര്‍ക്കെതിരെ, കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലുള്ള എന്റെ ഉത്തരവനുസരിച്ചാണ് ഈ നടപടി,’ എന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടില്‍ കുറിച്ചു. നൈജീരിയന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹം വിമര്‍ശിച്ചു.

യുഎസ് ആക്രമണത്തിന് പിന്നാലെ നൈജീരിയയിലെ ബോര്‍ണോയില്‍ ഭീകരര്‍ വീണ്ടും രക്തച്ചൊരിച്ചില്‍ നടത്തി. മൈഡുഗുരിയിലെ ഗാംബോറു മാര്‍ക്കറ്റിന് സമീപമുള്ള പള്ളിയില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സന്ധ്യാ നിസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടിയ സമയത്തായിരുന്നു സ്‌ഫോടനം. പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നൈജീരിയയില്‍ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ട്രംപ് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ മാസം മുതല്‍ ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. നിരപരാധികളെ ലക്ഷ്യം വെച്ചുള്ള ഭീകരപ്രവര്‍ത്തനം തുടരുന്ന പക്ഷം സൈനിക നീക്കം ശക്തമാക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.