പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കാര്യവട്ടത്ത്; ചരിത്രത്തിലാദ്യമായി കേരളത്തില്‍ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് പോരാട്ടം

Jaihind News Bureau
Friday, December 26, 2025

തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ആദ്യ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരത്തിന് ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നു. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരം ഇന്ന് രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ ഹര്‍മന്‍പ്രീത് കൗറുറിനും സംഘത്തിനും ഇന്ന് ജയിച്ചാല്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ പരമ്പര സ്വന്തമാക്കാം.

വിശാഖപട്ടണത്തെ തകര്‍പ്പന്‍ വിജയങ്ങള്‍ക്ക് ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ പെണ്‍പട കേരളത്തിന്റെ മണ്ണില്‍ പോരിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 2-0ന് മുന്നിലാണ് ഇന്ത്യ. ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലകന്‍ അമോല്‍ മജുംദാറിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും മേല്‍നോട്ടത്തില്‍ ടീം കഠിനമായ പരിശീലനം നടത്തി. സൂപ്പര്‍ താരങ്ങളായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും ബാറ്റിംഗില്‍ മിന്നും ഫോമിലാണെന്നത് ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ നേരിയ പനിയെത്തുടര്‍ന്ന് ജെമീമ റോഡ്രിഗസ് പരിശീലനത്തിനിറങ്ങാത്തത് ടീമിന് ചെറിയ ആശങ്ക നല്‍കുന്നുണ്ടെങ്കിലും, വൈകിട്ടത്തെ മഞ്ഞും തണുപ്പും അനുകൂലമാക്കി മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

‘ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചെങ്കിലും ശ്രീലങ്കയെ ഒട്ടും നിസ്സാരമായി കാണുന്നില്ല. ടീമിന്റെ ഓരോ വിഭാഗവും കൂടുതല്‍ മെച്ചപ്പെടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ എന്ന് ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മജുംദാര്‍ വ്യക്തമാക്കി. മറുവശത്ത്, തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും സംഘവും ലക്ഷ്യമിടുന്നത്. ബാറ്റിംഗ് നിരയിലെ പതര്‍ച്ചയാണ് നിലവില്‍ ലങ്കന്‍ ടീമിന് വലിയ തലവേദനയാകുന്നത്. ബൗളിംഗിലും ഫീല്‍ഡിംഗിലും വരുത്തുന്ന പിഴവുകള്‍ തിരുത്തി മികച്ച പ്രകടനം ഇന്ന് പുറത്തെടുക്കുമെന്ന് ലങ്കന്‍ ക്യാപ്റ്റനും പ്രതികരിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതൊരു അപൂര്‍വ്വ അവസരമാണ്. ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിലയിരുത്തല്‍.