
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ തിരുപ്പിറവി അനുസ്മരിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്കും പാതിരാകുര്‍ബാനയ്ക്കും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ കാര്‍മികത്വം വഹിച്ചു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്രിസ്മസ് ചടങ്ങായിരുന്നു ഇത്.
അപരിചിതരോടും ദരിദ്രരോടും കരുണ കാണിക്കണമെന്ന് മാര്‍പ്പാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ‘സഹായം ആവശ്യമുള്ളവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണ്’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉണ്ണിയേശുവിന്റെ രൂപം അനാവരണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ആറായിരത്തോളം വിശ്വാസികള്‍ ബസിലിക്കയില്‍ നേരിട്ടും ലക്ഷക്കണക്കിന് ആളുകള്‍ തത്സമയ സംപ്രേക്ഷണത്തിലൂടെയും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.
ഗാസയിലെ യുദ്ധത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ മാറ്റിവെച്ചിരുന്ന പലസ്തീനിലെ ക്രൈസ്തവര്‍, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദേവന്റെ ജന്മസ്ഥലമായ ബേത്ലഹേമില്‍ ക്രിസ്മസ് ആഘോഷിച്ചു. നേറ്റിവിറ്റി പള്ളിയില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഗള്‍ഫ് രാജ്യങ്ങളിലെ ആരാധനാലയങ്ങളിലും വിപുലമായ രീതിയില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടന്നു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ പള്ളികളില്‍ സന്ധ്യാ നമസ്‌കാരവും തീജ്വാല ശുശ്രൂഷയും നടന്നു. ദുബായ് ഊദ് മേത്ത സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ വിപുലമായ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ വിശ്വാസികള്‍ ക്രിസ്മസ് കേക്കുകള്‍ മുറിച്ചും ആശംസകള്‍ കൈമാറിയും പുണ്യദിനം ആഘോഷിച്ചു.