ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Thursday, December 25, 2025

നൂറനാട്: ആലപ്പുഴ നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ പര്യടനത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച രാത്രി 11:30-ഓടെയാണ് സംഭവം. പ്രദേശത്തെ ‘യുവ’, ‘ലിബര്‍ട്ടി’ എന്നീ ക്ലബ്ബുകളുടെ കരോള്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു.

ക്ലബ്ബുകള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഒരു വിഭാഗം രൂപീകരിച്ചതാണ് ലിബര്‍ട്ടിക്ക്‌ലബ്ബ്. കരോള്‍ പര്യടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത തുടരുകയാണ്.