കണ്ണൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയില്‍

Jaihind News Bureau
Wednesday, December 24, 2025

 

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ തലശ്ശേരിയില്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി.രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈകൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി തുക കൈമാറുന്നതിനിടെ ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടി വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് ഇറങ്ങുകയായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ.