കരോള്‍ സംഘത്തിനെതിരായ ആക്രമണം: വിമര്‍ശിച്ച് കോണ്‍ഗ്രസ്; സ്‌നേഹ കരോള്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, December 24, 2025

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ സമൂഹത്തില്‍ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ ആക്രമണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പുറത്താക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമാധാനപരമായി നടന്നുവന്ന കരോള്‍ സംഘത്തെ തടഞ്ഞതും മര്‍ദ്ദിച്ചതും ജനാധിപത്യ വിരുദ്ധമാണെന്നും, ഇത്തരം വര്‍ഗീയ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ മതേതര വിശ്വാസികളെ അണിനിരത്തിക്കൊണ്ട് ഇന്ന് വൈകുന്നേരം 6 മണിക്ക് പുതുശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ‘സ്‌നേഹ കരോള്‍’ സംഘടിപ്പിക്കും.

പുതുശ്ശേരി സുരഭി നഗറില്‍ കുട്ടികള്‍ മാത്രമടങ്ങുന്ന കരോള്‍ സംഘത്തിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍ രാജ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെ മര്‍ദ്ദിക്കുകയും ബാന്‍ഡ് വാദ്യങ്ങള്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ അക്രമത്തെ അപലപിക്കുന്നതിന് പകരം ബിജെപി നേതാക്കള്‍ കുട്ടികളെ അധിക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കരോള്‍ സംഘം മദ്യപിച്ചെത്തി മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചതാണെന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാന്യമായല്ലാതെ കരോള്‍ നടത്തിയാല്‍ അടി കിട്ടുമെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രതികരണവും വിവാദമായിട്ടുണ്ട്. അതേസമയം, കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വ്യക്തമാക്കി.