
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലേറ്റ കനത്ത പരാജയം വിലയിരുത്തുന്നതിനായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ പോലും വിള്ളലുണ്ടായ സാഹചര്യത്തില്‍, തോല്‍വിക്ക് കാരണമായ ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തലുകള്‍ ജില്ലാ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും.
കൊല്ലം കോര്‍പ്പറേഷനിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ പ്രധാന കേന്ദ്രമായി മാറിയ കരുനാഗപ്പള്ളി നഗരസഭയിലുമേറ്റ പരാജയം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ബഹുഭൂരിപക്ഷം ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന് ഭരണം നഷ്ടമാവുകയോ വലിയ രീതിയില്‍ വോട്ട് ചോരുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകളും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതെ പ്രാദേശികമായ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും മുന്‍ഗണന നല്‍കിയത് വോട്ടര്‍മാരുടെ അതൃപ്തിക്ക് കാരണമായി. പല വാര്‍ഡുകളിലും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കനത്ത പരാജയത്തിന്റെ കൂടുതല്‍ വിലയിരുത്തല്‍ ഇന്ന് ജില്ലാ കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കും.