
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പാചക വിദഗ്ധനായ കലാധരന്‍ (36), അമ്മ ഉഷ (58), മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരുടെ മരണത്തിന് പിന്നില്‍ കുടുംബതര്‍ക്കവും മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച കോടതിവിധിയുമാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദി ഭാര്യയും അവരുടെ അമ്മയും സഹോദരനുമാണെന്ന് കലാധരന്‍ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. മക്കളെ ഉപയോഗിച്ച് തന്നെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ജീവിക്കാന്‍ അനുവദിക്കാത്ത വിധം ഉപദ്രവിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഇതിനാവശ്യമായ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും അധികാരികള്‍ അത് പരിശോധിക്കണമെന്നും കലാധരന്‍ കുറിച്ചിട്ടുണ്ട്.
ഭാര്യ നയന്‍താരയുമായി പിരിഞ്ഞു കഴിയുകയായിരുന്നു കലാധരന്‍. മക്കള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കലാധരനൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുടുംബ കോടതി മക്കളെ നയന്‍താരയ്‌ക്കൊപ്പം വിടാന്‍ ഉത്തരവിട്ടു. മകള്‍ ഹിമയ്ക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും ഈ വിധി തനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലും അധികമായിരുന്നുവെന്നും കലാധരന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. വീടിന്റെ വരാന്തയില്‍ കത്തും പ്രധാനവാതിലിന്റെ താക്കോലും വെച്ച ശേഷം പിന്‍വാതിലിലൂടെയാണ് ഇവര്‍ അകത്തുകടന്നത്. കലാധരനും അമ്മയും വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മക്കള്‍ ഇതേ മുറിയില്‍ തറയില്‍ മരിച്ചുകിടക്കുകയായിരുന്നു. ഇവര്‍ക്ക് കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തുനിന്ന് പാല്‍ക്കുപ്പിയും കീടനാശിനിയും പോലീസ് കണ്ടെടുത്തു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം അന്നൂരിലെ വാടകവീട്ടിലെത്തിച്ച് അമ്മ നയന്‍താരയെ കാണിച്ചു. തുടര്‍ന്ന് രാമന്തളി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പയ്യന്നൂര്‍ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.