വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: ഏഴാം ദിവസം ആള്‍ക്കൂട്ടക്കൊലപാതക കുറ്റം ചുമത്തി പൊലീസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Jaihind News Bureau
Tuesday, December 23, 2025

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്. കൊലപാതകം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് ബിഎന്‍എസ് 103 (2) പ്രകാരമുള്ള ആള്‍ക്കൂട്ടക്കൊലപാതക കുറ്റവും, എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

പട്ടാപ്പകല്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ തുടക്കം മുതല്‍ പോലീസിന് വീഴ്ച സംഭവിച്ചതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊലപാതകം നടന്ന് ആദ്യ മണിക്കൂറുകളില്‍ പ്രതികളെ പിടികൂടാനോ, നിര്‍ണ്ണായകമായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനോ പൊലീസിന് കഴിഞ്ഞില്ല. മര്‍ദ്ദനമേറ്റ രാം നാരായണന്റെ കുടുംബം ധനസഹായത്തോടൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ അന്വേഷണസംഘം തയ്യാറായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ അനാസ്ഥ തെളിവ് ശേഖരണത്തെയും ബാധിച്ചിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയ പലരും മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായാണ് വിവരം. കൂടാതെ, മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ ചിലര്‍ ഇതിനോടകം തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.