
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം മന്ദഗതിയിലാക്കാന്‍ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എസ്.ഐ.ടിയെ സ്വാധീനിക്കാനാണ് ഇവരുടെ ശ്രമം. നിലവില്‍ മര്യാദയുടെ പേരില്‍ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. എന്നാല്‍ ഈ നീക്കം തുടര്‍ന്നാല്‍ പേരുകള്‍ പരസ്യമായി പറയും. എസ്.ഐ.ടിയില്‍ ഞങ്ങള്‍ക്ക് ഇതുവരെ അവിശ്വാസമില്ല. പക്ഷേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടാക്കരുത്,’ വി ഡി സതീശന്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കൊള്ളയെ ഹൈക്കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊള്ള ഇപ്പോഴും തുടരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കാമരാജ് കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. കാമരാജ് കോണ്‍ഗ്രസിന് മുന്നില്‍ യു.ഡി.എഫിന്റെ വാതില്‍ ഇനി തുറക്കില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നും സീറ്റ് വിഭജനം സംബന്ധിച്ച് നിലവില്‍ ഉയരുന്ന കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയുടെ പ്രധാന കണ്ണി ജോണ്‍ ബ്രിട്ടാസ് എം.പിയാണെന്ന് വി.ഡി. സതീശന്‍ ആക്ഷേപിച്ചു. ‘സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ പാമ്പന്‍ പാലം പോലെ നില്‍ക്കുന്നയാളാണ് ബ്രിട്ടാസ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും പറയുന്നിടത്തൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുന്നത് ഈ പാലം വഴിയാണ്. ഡല്‍ഹിയില്‍ ചെന്ന് മുഖ്യമന്ത്രി കാണിക്കുന്ന വിധേയത്വം പ്രതിപക്ഷം ഇനിയും തുറന്നു കാട്ടും,’ അദ്ദേഹം പരിഹസിച്ചു. പി.എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് ഈ വിധേയത്വത്തിന്റെ ഭാഗമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.