ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാര്‍; ഹൈക്കോടതിയെ അറിയിച്ചു

Jaihind News Bureau
Tuesday, December 23, 2025

 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം ഉടന്‍ തന്നെ കേരള ഹൈക്കോടതിയെ അറിയിക്കും. നിലവില്‍ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, കേസിലെ പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുന്നതിലേക്ക് മാറ്റി. തനിക്ക് കൊള്ളയില്‍ പങ്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് ഗോവര്‍ദ്ധന്റെ വാദം. 2019-ന് മുമ്പ് പലപ്പോഴായി ഒരു കോടിയോളം രൂപ ശബരിമലയ്ക്ക് സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അന്വേഷണസംഘം തന്റെ കടയില്‍ നിന്ന് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വര്‍ണ്ണത്തിന് ശബരിമലയുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായി സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയെന്നും ക്രമക്കേടുകള്‍ക്ക് ഉത്തരവാദി ബോര്‍ഡാണെന്നുമാണ് ഇയാള്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന ആക്ഷേപം.

കേസിലെ മുഖ്യ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് സ്‌പോണ്‍സര്‍ ചമഞ്ഞ് ശബരിമലയില്‍ സ്വാധീനം ഉറപ്പിച്ചതെന്ന കണ്ടെത്തല്‍ അന്വേഷണത്തെ പുതിയ തലത്തിലെത്തിച്ചിട്ടുണ്ട്. 2021-ല്‍ ഗോവര്‍ദ്ധന്‍ നല്‍കിയ 10 പവന്‍ സ്വര്‍ണ്ണമാല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കില്‍ വന്നതെന്നും, ഉണ്ണിക്കൃഷ്ണന്‍ പോറ്റി വഴി ഇത് മാളികപ്പുറത്തെ ശാന്തിക്കാരന് നല്‍കിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.