
കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും കടുത്ത ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിലെ പ്രശസ്തമായ ഹെർട്ടി സ്കൂളിൽ വിദ്യാർത്ഥികളുമായും പ്രതിനിധികളുമായും സംവദിക്കവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യയിലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി പൂർണ്ണമായും പിടിച്ചെടുത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനങ്ങൾ ഇപ്പോൾ ഭരണകൂടത്തിന്റെ ഇച്ഛാനുസരണം പ്രവർത്തിക്കുന്ന സംവിധാനങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് , സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനുള്ള ആയുധങ്ങളായി ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകളെ നേരിടുന്നതിന് പകരം ഇത്തരം ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും മാധ്യമങ്ങളെയും ഉൾപ്പെടെയുള്ള ജനാധിപത്യ തൂണുകളെ ദുർബലപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ അധികാരം ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തിന് പകരം ഭരണഘടനയെ ദുർബലപ്പെടുത്തി ഏകപക്ഷീയമായ അധികാരം അടിച്ചേൽപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ആയുധമാക്കുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും രാജ്യാന്തര സമൂഹത്തോട് സംവദിക്കവേ അദ്ദേഹം വ്യക്തമാക്കി.