മധ്യപ്രദേശിൽ പള്ളികള്‍ക്ക് നേരെ ബിജെപി അതിക്രമം; ഒടുവില്‍ മതപരിവര്‍ത്തനം ആരോപിച്ച് വികാരിയുൾപ്പെടെയുള്ളവർക്ക് കേസ്

Jaihind News Bureau
Tuesday, December 23, 2025

ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടെ മധ്യപ്രദേശിലെ ജബൽപൂരിലും സിയോനിയിലുമുള്ള രണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം നടന്നു. ജബൽപൂരിലെ ഹവാബാഗ് വനിതാ കോളേജിന് സമീപത്തുള്ള പള്ളിയിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം കാട്ടിയത്. പള്ളിയിലേക്ക് ഇരച്ചുകയറിയ ആൾക്കൂട്ടം അവിടെ മുദ്രാവാക്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

പള്ളിക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും, പിന്നീട് പള്ളി വികാരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, പരാതിക്കാരായ പള്ളി അധികൃതർക്കെതിരെ തന്നെ കേസെടുത്ത പോലീസിന്റെ നടപടിയിൽ ക്രൈസ്തവ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സിയോനി ജില്ലയിലെ ലഖ്‌നാഡൺ പ്രദേശത്തും സമാനമായ രീതിയിൽ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കെ മതപരിവർത്തനം ആരോപിച്ചെത്തിയ സംഘം പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയും ചടങ്ങുകൾ തടസ്സപ്പെടുത്തുകയും ചെയ്തു. ക്രിസ്മസ് ആഘോഷങ്ങൾക്കായി വിശ്വാസികൾ ഒരുങ്ങുന്നതിനിടെയുണ്ടായ ഈ ഇരട്ട ആക്രമണങ്ങൾ സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

സംഭവങ്ങളെത്തുടർന്ന് മേഖലകളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പള്ളികൾക്കും ആഘോഷ സ്ഥലങ്ങൾക്കും പോലീസ് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ബന്ധമുള്ള പ്രതികൾക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നത് നിർണ്ണായകമാണ്.