മുഖ്യമന്ത്രിയുടെ നാട്ടിൽ ഗുണ്ടാവിളയാട്ടം; അക്രമരാഷ്ട്രീയത്തിനെതിരെ കോൺഗ്രസിന്റെ ബഹുജന പ്രതിഷേധ കൂട്ടായ്മ

Jaihind News Bureau
Tuesday, December 23, 2025

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വ്യാപകമായ അക്രമങ്ങളിൽ പ്രതിഷേധിച്ചും, ഇതിനെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് കണ്ണൂർ മമ്പറത്ത് ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ക്രമസമാധാനം തകരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ സമരം.

പ്രതിഷേധ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്  സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിക്കും. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും അണിനിരത്തിക്കൊണ്ട് പോലീസിന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഈ കൂട്ടായ്മ തുടക്കം കുറിക്കും.

 വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. രാഷ്ട്രീയ അക്രമങ്ങൾ തടയുന്നതിൽ ആഭ്യന്തര വകുപ്പും പോലീസും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നതാകും നേതാക്കളുടെ പ്രസംഗങ്ങൾ.