
ആലപ്പുഴ: മാവേലിക്കര വി.എസ്.എം ആശുപത്രിയില്‍ വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. ശസ്ത്രക്രിയയില്‍ ചികിത്സാപിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
കീഹോള്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ധന്യയെ, സങ്കീര്‍ണ്ണതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കിയതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലിലുണ്ടായ രക്തസ്രാവവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി വിശദീകരിച്ചു. എന്നാല്‍ ആശുപത്രിയുടെ വാദം തള്ളിയ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകൂ.