ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, പൊലീസിന് തിരിച്ചടി

Jaihind News Bureau
Monday, December 22, 2025

 

കൊച്ചി: ഏറെ വിവാദമായ ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കും സുഹൃത്തിനുമെതിരെയുള്ള നടപടികള്‍ പൊലീസ് അവസാനിപ്പിക്കുന്നു. ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എറണാകുളം നോര്‍ത്ത് പൊലീസ് ഈ മാസം അവസാനം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഷൈന്‍ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പൊലീസിന് തിരിച്ചടിയായത്.

കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. ‘ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ’ ഭാഗമായി ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഹോട്ടലിന്റെ മൂന്നാം നിലയിലെ ജനല്‍ വഴി നടന്‍ രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് അന്ന് നല്‍കിയ വിശദീകരണം. ഇതേത്തുടര്‍ന്ന് ഷൈനിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

നടന്‍ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്താന്‍ നടത്തിയ ഫോറന്‍സിക് പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് പൊലീസിന്റെ വാദങ്ങള്‍ ദുര്‍ബലമായത്. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് പങ്കില്ലെന്ന് നേരത്തെ എക്‌സൈസ് വ്യക്തമാക്കിയിരുന്നു. ആ കേസില്‍ അറസ്റ്റിലായ തസ്ലിമ എന്ന യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ മാത്രമാണുള്ളതെന്നും ലഹരി ബന്ധമില്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മുമ്പ് മെത്തഫിറ്റമിന്‍ ഉപയോഗിച്ചിട്ടുള്ളതായും ഷൈന്‍ അന്വേഷണ വേളയില്‍ തുറന്നു സമ്മതിച്ചിരുന്നു. ലഹരി വിമുക്തിക്കായി എക്‌സൈസിന്റെ ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടുകയാണെന്നും അതിനായി ഷൂട്ടിംഗ് മാറ്റിവെച്ചതായും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഷൈനിനെതിരെയുള്ള കുറ്റപത്രം ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.