
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഗൂഢാലോചനയിലും ആസൂത്രണത്തിലും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്കും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും വ്യക്തമായ പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മുന്‍കാല പരിചയക്കാരായ ഇവര്‍ വിവിധ ഘട്ടങ്ങളിലായി സ്വര്‍ണ ഉരുപ്പടികള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും പുറത്തുവരികയാണ്. കവര്‍ച്ചയ്ക്ക് പ്രായശ്ചിത്തമായി ഗോവര്ദ്ധന് സമര്‍പ്പിച്ച 10 പവന്റെ സ്വര്‍ണ്ണമാല പോലും ദേവസ്വം കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2021-ല്‍ ഉണ്ണികൃഷ്ണന് പോറ്റിക്കാണ് ഗോവര്ദ്ധന് ഈ മാല കൈമാറിയത്. തുടര്‍ന്ന് പോറ്റി ഇത് മാളികപ്പുറത്ത് സമര്‍പ്പിച്ചെങ്കിലും ദേവസ്വം മഹസറിലോ മറ്റ് ഔദ്യോഗിക രേഖകളിലോ ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ആര്‍ക്കൊക്കെയാണ് വിറ്റതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.ഐ.ടി. സ്വര്‍ണ്ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പ്പേഷിനെ ഉടന്‍ ചോദ്യം ചെയ്യും. നിലവില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരെയും ചോദ്യം ചെയ്യാനുള്ള നടപടികള്‍ എസ്.ഐ.ടി ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ജാമ്യാപേക്ഷയുമായി ഗോവര്ദ്ധന് ഹൈക്കോടതിയെ സമീപിച്ചു. താന്‍ വെറുമൊരു അയ്യപ്പ ഭക്തന് മാത്രമാണെന്നും സ്വര്‍ണ്ണമായും പണമായും ശബരിമലയിലേക്കാണ് സംഭാവനകള്‍ നല്‍കിയതെന്നുമാണ് ഇയാളുടെ വാദം. തന്റെ കൈവശം ഉണ്ടായിരുന്ന 80 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം എസ്.ഐ.ടി ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും ജാമ്യാപേക്ഷയില്‍ ഗോവര്ദ്ധന് ആരോപിക്കുന്നു. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.