
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സി.പി.ഐയില്‍ കൂട്ടരാജി. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ അഴിമതിയിലും മാഫിയാ ബന്ധങ്ങളിലും പ്രതിഷേധിച്ച് തൊടുപുഴയില്‍ നൂറിലധികം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ് ഇന്ന് പാര്‍ട്ടി വിട്ടത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് കൂട്ടരാജി.
പാര്‍ട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച സാധാരണക്കാരായ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുമ്പോള്‍, നേതാക്കള്‍ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നു എന്നതാണ് രാജി വെച്ചവരുടെ പ്രധാന ആരോപണം. ഉടുതുണിക്ക് മറുതുണിയില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ പല നേതാക്കളും ഇന്ന് ശതകോടീശ്വരന്മാരായി മാറിയെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നേതാക്കളുടെ മാഫിയാ ബന്ധത്തെക്കുറിച്ചും കച്ചവട രാഷ്ട്രീയത്തെക്കുറിച്ചും പാര്‍ട്ടി വേദികളില്‍ പലതവണ പരാതിപ്പെട്ടിട്ടും നേതൃത്വം നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
നേതാക്കളുടെ അഴിമതിയില്‍ പ്രതിഷേധിച്ചുള്ള ഈ കൊഴിഞ്ഞുപോക്ക് ഇടുക്കിയിലെ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന.