
പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്നിവരെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായി. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് യോഗത്തിന് ശേഷം പ്രഖ്യാപനം നടത്തിയത്.
സി.കെ ജാനുവിന്റെ പാര്‍ട്ടി നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും മുന്നണി വിട്ട് യുഡിഎഫുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരെ അസോസിയേറ്റ് അംഗങ്ങളായി സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് രീതിയിലുള്ള പിന്തുണയാണ് ഇവര്‍ക്ക് നല്‍കേണ്ടതെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കി മുന്നണി സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.