
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതും, ജയിലിനകത്തെ ഇളവുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആവർത്തിച്ച് പുറത്തുവരുന്നതും സർക്കാരിന്റെ നിലപാടിനെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്. ‘ജയിൽ ചട്ടങ്ങൾ പ്രകാരമുള്ള സാധാരണ നടപടികളാണ്’ എന്ന സർക്കാർ വിശദീകരണം ഈ സാഹചര്യത്തിൽ മതിയാകുന്നില്ലായെന്നതാണ് യാഥാർഥ്യം.
ഇതിനിടെയാണ് കേസിലെ നാലാം പ്രതിയും ജീവപര്യന്തം തടവുകാരനുമായ ടി.കെ. രാജേഷിന് 20 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജേഷിന് അനുവദിക്കുന്ന രണ്ടാമത്തെ പരോളാണിത്. പരോൾ വ്യവസ്ഥപ്രകാരം ജനുവരി 10ന് രാജേഷ് ജയിലിൽ തിരിച്ചെത്തണം.
അതേസമയം, കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും വീണ്ടും പരോൾ അനുവദിച്ചിട്ടുണ്ട്. വർഷാവസാനത്തോടനുബന്ധിച്ച് നൽകുന്ന സ്വാഭാവിക പരോൾ മാത്രമാണിതെന്ന വിശദീകരണമാണ് ജയിൽ അധികൃതർ നൽകുന്നത്. ജയിൽ ചട്ടങ്ങൾ പ്രകാരം അർഹതയുള്ള തടവുകാർക്ക് അനുവദിക്കുന്ന പരോളിന്റെ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.
പരോൾ ഒരു തടവുകാരന്റെ നിയമപരമായ അവകാശമാണെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും, അത്യന്തം ക്രൂരമായ രാഷ്ട്രീയ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരേ കേസിലെ പ്രതികൾക്ക് കുറച്ചുകാലയളവിനുള്ളിൽ ആവർത്തിച്ച് പരോൾ അനുവദിക്കുന്നത് അസാധാരണമാണ്. ഇത്തരം നടപടികൾ ശിക്ഷയുടെ ഗൗരവത്തെയും പ്രതിരോധ മൂല്യത്തെയും ബാധിക്കുന്നതാണെന്ന ആശങ്കയും കണ്ടില്ലായെന്ന് നടിക്കാനാവില്ല
കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി ജയിലിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവവും നേരത്തെ വലിയ വിവാദമായിരുന്നു. കർശന സുരക്ഷയിൽ കഴിയേണ്ട പ്രതിക്ക് ജയിലിനകത്ത് നിന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിച്ചതെങ്ങനെ എന്ന ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു. കൂടാതെ, കൊടി സുനിയുടെയും മറ്റ് ജയിൽവാസികളുടെയും ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി ഡിഐജി, ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് നടപടി നേരിടുന്നതും കേസുമായി ബന്ധപ്പെട്ട ഇളവുകൾക്ക് കൂടുതൽ ഗൗരവം നൽകുന്നു.
തുടർച്ചയായ പരോളുകൾ, ജയിലിനകത്തെ ഇളവുകൾ, കൈക്കൂലി ആരോപണങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് വിലയിരുത്തുമ്പോൾ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോയെന്ന സംശയം ശക്തമാകുകയാണ്. ‘സാധാരണ നടപടി’ എന്ന സർക്കാർ വിശദീകരണം ഈ സാഹചര്യത്തിൽ മതിയാകുന്നുണ്ടോ എന്ന ചോദ്യം തികച്ചും പ്രസക്തം തന്നെ.