‘ബോംബ് നിര്‍മ്മാണത്തിന് കൂട്ട് നില്‍ക്കുകയാണ് മുഖ്യമന്ത്രി’; അക്രമങ്ങള്‍ സിപിഎം ഫാസിസമെന്നും വി.ഡി സതീശന്‍

Jaihind News Bureau
Monday, December 22, 2025

പെരിന്തല്‍മണ്ണയിലെ അക്രമം സിപിഎമ്മിന്റെ ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇടതുപക്ഷമല്ല ഇത് തീവ്ര വലതുപക്ഷമാണെന്നും അധികാരവും, പോലിസിനെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിന്തല്‍മണ്ണയിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുന്നത്. ജനാധിപത്യ വിരുദ്ധമായാണ് സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൈയ്യൂക്കുള്ള മേഖലകളില്‍ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല നിര്‍വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബ് നിര്‍മ്മാണത്തിന് കൂട്ട് നില്‍ക്കുകയാണ്. ജനവിധി അംഗീകരിക്കാതെയുള്ള നിലപാട് സിപിഎം തിരുത്തണം. ജനങ്ങള്‍ ശക്തമായ താക്കീത് നല്‍കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോറ്റത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുതയാണ് സിപിഎം കാട്ടുന്നത്. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നതിനെ ശക്തമായി ചോദ്യം ചെയ്യണം. ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം കളമശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.