
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അസമിനെയും കോൺഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന് മേൽ കെട്ടിവയ്ക്കാതെ, കേന്ദ്രത്തിലും അസമിലും ഭരണത്തിലിരിക്കുന്ന ബിജെപി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ ആവശ്യപ്പെട്ടു.
കേന്ദ്രത്തിലും അസമിലും ഭരണം കയ്യാളുന്ന ‘ഇരട്ട എഞ്ചിൻ സർക്കാർ’ ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ഭരണത്തിലിരിക്കുന്നവർ പരാജയപ്പെടുമ്പോൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് പ്രധാനമന്ത്രിയുടെ ശീലമാണെന്നും, തങ്ങളല്ല ഭരിക്കുന്നതെന്നിരിക്കെ എങ്ങനെയാണ് പ്രതിപക്ഷത്തെ വിമർശിക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാജ്യതാൽപ്പര്യത്തിനാണ് കോൺഗ്രസ് എപ്പോഴും മുൻഗണന നൽകുന്നതെന്നും ഭീകരവാദത്തെയോ നുഴഞ്ഞുകയറ്റത്തെയോ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തലുകൾ നടത്തുന്നതെന്ന് പരിഹസിച്ച ഖർഗെ, പരാജയപ്പെടുമ്പോൾ എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്നും കൂട്ടിച്ചേർത്തു.