
പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. മുസ്ലിംലീഗ് ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ചാണ് പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. സംഭവത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ രാത്രി പെരിന്തൽമണ്ണയിൽ ദേശീയപാത ഉപരോധിച്ചു.
പെരിന്തൽമണ്ണയിലെ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായി. രാത്രി 9 മണിയോടേ പ്രകനമായെത്തിയ സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തതിന്റെ വിജയാഹ്ലാദം വൈകിട്ട് നഗരത്തിൽ നടന്നിരുന്നു. ഇതിനിടെ സിപിഎം ഓഫീസിനുനേരെ കല്ലേറുണ്ടായി എന്നാരോപിച്ചാണ് ലീഗ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. എന്നാൽ സിപിഎം കള്ള പ്രചാരണം നടത്തിയെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
ലീഗ് ഓഫീസിനുനേരെയുണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെയും നാലകത്ത് സൂപ്പിയുടെയും നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ രാത്രി പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ചു. കോഴിക്കോട്–പാലക്കാട് ദേശീയപാത ഉപരോധം അർധരാത്രിയിലും തുടർന്നു.