“എല്ലാവർക്കും നന്മ നേരുന്നു”; പേനയും കടലാസും ചിതയില്‍; ഇനി കണ്ടനാട്ടെ വീട്ടുവളപ്പിൽ അന്ത്യവിശ്രമം

Jaihind News Bureau
Sunday, December 21, 2025

കഥ പറഞ്ഞ് പറഞ്ഞ് മലയാളത്തിന്റെ ശ്രീനിവാസന്‍ നാടിനോടും സിനിമാ ലോകത്തോടും വിട പറഞ്ഞു. ഓദ്യോഗിക ബഹുമതികള്‍ നല്‍കി ജന്മനാട് അദ്ദേഹത്തിന് വിട നല്‍കി. ഇനി കഥ പറയാന്‍ ശ്രീനിയില്ല….പറഞ്ഞ കഥകള്‍, നല്‍കിയ സന്ദേശങ്ങള്‍ ഇനി എന്നും നിലനില്‍ക്കും. ‘എല്ലാവര്‍ക്കും നന്മ നേരുന്നു’ എന്നെഴുതിയ ഒരു കടലാസും പേനയും ചിതയില്‍ വെച്ചു. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ടൗണ്‍ ഹാളിലും കണ്ടനാട്ടെ വീട്ടിലുമായി നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്കാണ് കണ്ടനാട് സാക്ഷ്യം വഹിച്ചത്.

മലയാളിയുടെ ഭാവങ്ങളെ ഒട്ടും നാടകീയതയില്ലാതെ വെള്ളിത്തിരയില്‍ എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. നര്‍മ്മവും പരിഹാസവും വിമര്‍ശനവും ഒരേപോലെ കൈകാര്യം ചെയ്ത ശ്രീനിവാസന്‍, പ്രണയവും സൗഹൃദവും സങ്കടവുമെല്ലാം അതിന്റെ തീവ്രതയില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. മലയാള സിനിമയിലെ ‘ബുദ്ധിമാനായ സിനിമാക്കാരന്‍’ എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം തന്റേതായ ഒരു ശൈലി സിനിമയില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങുന്നത്.