‘എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി’; ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി രജനീകാന്ത്

Jaihind News Bureau
Saturday, December 20, 2025

ചെന്നൈ: മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച് താരം വികാരാധീനനായി സംസാരിച്ചു.

മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ എം.ജി.ആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) ഒരുമിച്ച് പഠിച്ച കാലം തൊട്ടുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. രജനീകാന്ത് ഒരു സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനു മുന്‍പ്, സിനിമയ്ക്കായുള്ള കഠിനശ്രമങ്ങള്‍ നടത്തിയിരുന്ന കാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

‘എന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന വാര്‍ത്ത അതീവ ഹൃദയവേദനയോടെയാണ് ഞാന്‍ കേട്ടത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു അദ്ദേഹം. മികച്ചൊരു നടന്‍ എന്നതിലുപരി അസാമാന്യ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ആ ആത്മാവിന് ശാന്തി നേരുന്നു,’ രജനീകാന്ത് പറഞ്ഞു.

തമിഴ് സിനിമാ ലോകത്തെ അതികായനായ രജനീകാന്ത് എപ്പോഴും വലിയ ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാറുള്ളത്. തന്റെ സഹപാഠിയുടെ വളര്‍ച്ചയിലും അദ്ദേഹം കണ്ടെത്തിയ തനതായ സിനിമാ ശൈലിയിലും താരം എന്നും അഭിമാനം കൊണ്ടിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസന്റെ വിയോഗത്തില്‍ സിനിമാ ലോകത്തെ ഒട്ടേറെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.