
കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക് നടക്കും. എറണാകുളം കണ്ടനാടുള്ള വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
പ്രിയ നടനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. ഡയാലിസിസിനായി പോകുന്നതിനിടെയുണ്ടായ ശാരീരിക തളര്‍ച്ചയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിയോഗസമയത്ത് ഭാര്യ വിമല കൂടെയുണ്ടായിരുന്നു.
മലയാള സിനിമയുടെ ആസ്വാദന തലത്തെ മാറ്റിവരച്ച വിസ്മയമായിരുന്നു ശ്രീനിവാസനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ‘പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ ചുവടുവെച്ചത്. കടുത്ത വിമര്‍ശനമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വ്യക്തിപരമായും ഇതൊരു വലിയ നഷ്ടമാണ്,’ മുഖ്യമന്ത്രി പറഞ്ഞു. ശ്രീനിവാസന്റെ ജീവിതം ഏതൊരു പരിശ്രമശാലിക്കും ഒരു പാഠപുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്‍ കാലത്തിന് മുന്‍പേ സഞ്ചരിച്ച കലാകാരനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ സിനിമകളിലെ സംഭാഷണങ്ങള്‍ ഇന്നും നമ്മുടെ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകളില്‍ പ്രസക്തമാണ്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ വരികള്‍ ഉപയോഗിച്ചിരുന്നു. കാണാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ വിയോഗം എത്തിയത്,’ സതീശന്‍ അനുസ്മരിച്ചു.
ശ്രീനിവാസന്റെ നിര്യാണത്തില്‍ സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പ്രിയ താരത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമായാണ് സിനിമാലോകം വിലയിരുത്തുന്നത്.