
കൊച്ചി: പോണേക്കരയില്‍ വിരമിച്ച അധ്യാപികയെ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി പോണേക്കര പ്രതീക്ഷ നഗര്‍ റെസിഡന്‍സ് അസോസിയേഷനിലെ താമസക്കാരിയായ വനജയാണ് (70) മരിച്ചത്. കിടപ്പുമുറിയിലെ കിടക്കയില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കള്‍ക്കൊപ്പമാണ് വനജ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വനജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വനജയുടെ ശരീരത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
എളമക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തും. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് എളമക്കര പൊലീസ് അറിയിച്ചു. പരേതനായ വിക്രമന്‍ നായരാണ് വനജയുടെ ഭര്‍ത്താവ്.