
നിര്‍ണായക വെളിപ്പെടുത്തലുമായി ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്ധന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി.
ഒന്നരക്കോടി രൂപ കൈമാറിയ ശേഷമാണ് താന്‍ സ്വര്‍ണം വാങ്ങിയതെന്നാണ് ഗോവര്‍ധന്റെ വാദം. പണം നല്‍കിയതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇയാള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇത് കേസിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.
നിലവില്‍ റിമാന്‍ഡിലുള്ള ഗോവര്‍ധനെയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഉടന്‍ അപേക്ഷ നല്‍കും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ഗോവര്‍ധന്റെ കൈവശമെത്തിച്ച ഇടനിലക്കാരന് കല്‍പേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. അതേസമയം, ജയിലില്‍ കഴിയുന്ന ഗോവര്ധന് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.