‘ഒരു ഫോണ്‍ കോളില്‍ തെളിഞ്ഞത് 42 വര്‍ഷത്തെ രഹസ്യം; മിഷേല്‍ ന്യൂട്ടനെ ജീവനോടെ കണ്ടെത്തി; മകളെ തട്ടിക്കൊണ്ടുപോയ അമ്മ പിടിയില്‍

Jaihind News Bureau
Friday, December 19, 2025

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മൂന്ന് വയസ്സുകാരിയായിരിക്കെ കാണാതായ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയെന്ന അവിശ്വസനീയമായ വാര്‍ത്തയാണ് അമേരിക്കയിലെ കെന്റക്കിയില്‍ നിന്ന് പുറത്തുവരുന്നത്. 1983-ല്‍ അപ്രത്യക്ഷയായ മിഷേല്‍ ന്യൂട്ടനെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സംസ്ഥാനത്ത് പുതിയ പേരില്‍ ജീവിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മിഷേലിന്റെ അമ്മയായ ഡെബ്ര ന്യൂട്ടനാണ് ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ഇവരെ ഫ്‌ലോറിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

1983 ഏപ്രില്‍ 2-ന്, കെന്റക്കിയിലെ ലൂയിസ്വില്ലില്‍ വെച്ചാണ് മൂന്ന് വയസ്സുകാരിയായ മിഷേല്‍ ന്യൂട്ടനെ കാണാതാകുന്നത്. തനിക്ക് മറ്റൊരു ജോലി ലഭിച്ചുവെന്നും അവിടേക്ക് താമസം മാറുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞാണ് മിഷേലിന്റെ അമ്മ ഡെബ്ര ന്യൂട്ടന്‍ അന്ന് മകളുമായി പോയത്. എന്നാല്‍ അതിന് ശേഷം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മകളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയതിന് ഡെബ്രക്കെതിരെ അധികൃതര്‍ കുറ്റം ചുമത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍ എഫ്.ബി.ഐയുടെ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇവര്‍ ഇടംപിടിച്ചിരുന്നു.

പതിറ്റാണ്ടുകളോളം അന്വേഷണം വഴിമുട്ടി നിന്നിരുന്ന ഈ കേസില്‍ 2025-ല്‍ ലഭിച്ച ഒരു രഹസ്യവിവരമാണ് വഴിത്തിരിവായത്. ഫ്‌ലോറിഡയിലെ മരിയോണ്‍ കൗണ്ടിയില്‍ ‘ഷാരോണ്‍’ എന്ന പേരില്‍ താമസിക്കുന്ന 66 വയസ്സുകാരി ഡെബ്ര ന്യൂട്ടന്‍ തന്നെയാണെന്നായിരുന്നു സൂചന. അവിടെ തന്റെ ഭര്‍ത്താവിനൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു ഇവര്‍. ഡി.എന്‍.എ പരിശോധനയിലൂടെയും ഫോട്ടോകള്‍ ഒത്തുനോക്കിയും ഷാരോണ്‍ എന്നത് ഒളിവിലായിരുന്ന ഡെബ്ര തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇതേ കാലയളവില്‍ തന്നെ, താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടുപോകപ്പെട്ട കുഞ്ഞാണെന്ന സത്യം മിഷേല്‍ തന്നെ തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. ഇത്രയും കാലം മറ്റൊരു പേരില്‍ മറ്റൊരു സംസ്ഥാനത്ത് കഴിഞ്ഞിരുന്ന മിഷേല്‍, താനൊരു കാണാതായ കുട്ടിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ ഫ്‌ലോറിഡയിലെ വസതിയില്‍ വെച്ച് ഡെബ്ര ന്യൂട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇവര്‍ വാദിച്ചെങ്കിലും, കെന്റക്കിയിലേക്ക് കൊണ്ടുപോയ ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

ഒരു വ്യക്തി നല്‍കിയ കൃത്യമായ രഹസ്യവിവരമാണ് ഇത്രയും കാലം മരവിച്ചുപോയ ഒരു കേസ് തെളിയാന്‍ സഹായിച്ചതെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കി. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം മിഷേല്‍ ഒടുവില്‍ തന്റെ പിതാവുമായും കുടുംബവുമായും വീണ്ടും ഒന്നിച്ചിരിക്കുകയാണ്.