മലപ്പുറത്ത് സി.പി.എമ്മില്‍ പടലപ്പിണക്കം; നേതാക്കള്‍ക്കെതിരെ ‘കടക്ക് പുറത്ത്’ ഫ്ലക്‌സുമായി പ്രവര്‍ത്തകര്‍

Jaihind News Bureau
Friday, December 19, 2025

നിലമ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ചോക്കാട് സി.പി.എമ്മില്‍ വിഭാഗീയത മറനീക്കി പുറത്ത്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയില്‍ പാര്‍ട്ടി നേതാവിനും സ്ഥാനാര്‍ത്ഥിക്കുമെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി. വാര്‍ഡില്‍ പാര്‍ട്ടി പരാജയപ്പെടുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

സി.പി.എം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗം വി.പി. സജീവന്‍, സ്ഥാനാര്‍ത്ഥിയായിരുന്ന കൂരി അലി മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കല്ലാമൂലയില്‍ പ്രതിഷേധം ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇവര്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. നേതാക്കളെ പാര്‍ട്ടി തിരുത്തുമെന്നും എന്നാല്‍ പാര്‍ട്ടിയെ ജനം തിരുത്തുമെന്നും കുറിച്ച പ്രവര്‍ത്തകര്‍, ഒറ്റുകൊടുത്ത വര്‍ഗ്ഗവഞ്ചകരായ കുലംകുത്തികള്‍ കടക്ക് പുറത്തെന്നും ഫ്ലക്‌സ് ബോര്‍ഡിലൂടെ ആക്രോശിച്ചു.