
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന് ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍. എസ്.എഫ്.ഐ പ്രതിനിധികളായ ഭാരവാഹികള്‍ സത്യപ്രതിജ്ഞാ വാചകത്തില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചടങ്ങ് ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തു.
ഭരണഘടനാപരമോ ഈശ്വരനാമത്തിലോ ഉള്ള സത്യപ്രതിജ്ഞാ വാചകങ്ങള്‍ക്ക് പകരം, ‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരില്‍’ എന്ന് തുടങ്ങുന്ന വാചകങ്ങളാണ് എസ്.എഫ്.ഐ ഭാരവാഹികള്‍ ഉപയോഗിച്ചത്. സത്യപ്രതിജ്ഞാ വാചകങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് വി.സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഭാരവാഹികള്‍ സത്യപ്രതിജ്ഞ തുടര്‍ന്നതോടെ വി.സി വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് അസാധുവായതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യു.ഡി.എസ്.എഫ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതിയായ ഡി.എസ്.യു ചെയര്മാന് അമര്‍ദേവ് ഒളിവില്‍ കഴിയുന്നതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീണ്ടുപോയത്. ഇന്നലെ ചടങ്ങിനെത്തിയ അമര്‍ദേവ് സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ പോലീസിനെ വെട്ടിച്ച് വീണ്ടും ഒളിവില്‍ പോയെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.