
കേരള പൊലീസിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. എറണാകുളത്ത് ഗര്‍ഭിണിയെ മര്‍ദ്ദിച്ചതടക്കമുള്ള പൊലീസ് നടപടികള്‍ കേരള പൊലീസിന്റെ ഏറ്റവും വൈകൃതമായ മുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഈ നിലയില്‍ എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കും ക്രിമിനലുകളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മില്‍ ശക്തമായ ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് പെട്ടെന്ന് പരിഹരിക്കപ്പെട്ടത് ആശ്ചര്യകരമാണ്. ഒരുകാലത്ത് വി.സി സ്ഥാനത്തേക്ക് പറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞവരെ ഇപ്പോള്‍ അദ്ദേഹം അംഗീകരിച്ചു. ഇത് ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്ന ചിലരുടെ ഇടപെടലുകളുടെയും ഒത്തുതീര്‍പ്പിന്റെയും ഭാഗമാണ്.
കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ വലിയ അഴിമതി നടന്നുവെന്ന് കേന്ദ്രമന്ത്രി തന്നെ പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കാനോ അന്വേഷിക്കാനോ തയ്യാറാകുന്നില്ല. പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങിയ വിഷയങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഒത്തുതീര്‍പ്പ് നിലപാടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
യു.ഡി.എഫ് വിപുലീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നിലവില്‍ തന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ അത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.