
തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്‍. കേസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ ഭാവമെങ്കില്‍ സി.പി.എം നേതാക്കളുടെ വീടിന് മുന്നിലെത്തി ഈ ഗാനം പാടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ചതാണ് യഥാര്‍ത്ഥ കുറ്റം. എന്നാല്‍ കട്ടതിനെക്കുറിച്ച് പറഞ്ഞതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പാരഡി ഗാനത്തില്‍ ഒരു തെറ്റുമില്ലെന്നും ഇതിന്റെ പേരില്‍ കലാകാരന്മാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജയിലില്‍ കഴിയുന്ന സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുക എന്നതാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അഴിമതിയും മോഷണവും നടത്തുന്നവരെ സംരക്ഷിക്കുകയും അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കാന്‍ നോക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.