കൊല്ലം തിരുമുല്ലവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Jaihind News Bureau
Thursday, December 18, 2025

 

കൊല്ലം: തിരുമുല്ലവാരം മനയില്‍കുളങ്ങരയില്‍ ആള്‍താമസമില്ലാത്ത വീടിന് പിന്നില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടിന്റെ പിന്‍വശത്തെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മധ്യവയസ്‌കനായ ഒരു പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന് പിന്നില്‍ തേങ്ങയിടാനായി എത്തിയ തൊഴിലാളിയാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. നാല് മാസം മുന്‍പാണ് വീട്ടുകാര്‍ അവസാനമായി ഇവിടെ വന്നുപോയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വാഭാവിക മരണമാണോ അതോ മറ്റ് അസ്വാഭാവികതകള്‍ ഉണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.

കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. അസ്ഥികൂടം കൂടുതല്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയക്കും. സമീപകാലത്ത് പ്രദേശത്ത് നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.