
ന്യൂഡല്‍ഹി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിച്ച സി.ഐ. പ്രതാപചന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ജയിലിലടക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ സ്ത്രീപീഡന വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഈ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുവതിയെയും കുടുംബത്തെയും കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസ് സേനയിലെ ചില പ്രമുഖരും ചേര്‍ന്ന് സംരക്ഷിക്കുകയായിരുന്നുവെന്ന് ജെബി മേത്തര്‍ ആരോപിച്ചു. സ്റ്റേഷനുള്ളില്‍ നടന്ന ഈ ക്രൂരത പുറംലോകം അറിഞ്ഞത് കോടതി ഇടപെടലിലൂടെ മാത്രമാണ്. പൊലീസിന്റെ അതിക്രമങ്ങള്‍ മൂടിവെക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുകയാണെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കിരാത ഭരണമാണ് ഇന്ന് ആഭ്യന്തര വകുപ്പില്‍ നടക്കുന്നത്. ഇത് പൊലീസ് സേനയില്‍ ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കാരണമാകുന്നു. ‘ജയില്‍ ഡി.ഐ.ജി കൈക്കൂലി വാങ്ങി തടവുകാരന് സഹായം നല്‍കിയെന്ന ഗുരുതരമായ ആരോപണം വന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അഴിമതിക്കും ഗുണ്ടായിസത്തിനും കുടപിടിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്.’ – ജെബി മേത്തര്‍ എംപി പറഞ്ഞു.
പൊലീസിലെ ക്രിമിനല്‍ വല്‍ക്കരണത്തിനെതിരെ മഹിള കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇരയായ യുവതിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.