ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിയും അപാകതയും: ലോക്സഭയില്‍ ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Thursday, December 18, 2025

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ അപാകതകളും ക്രമക്കേടുകളും ലോക്സഭയില്‍ ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കഴിഞ്ഞ ആറുമാസത്തിനിടെ കൂരിയാട്, അരൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലിരുന്ന പാതകള്‍ തകര്‍ന്നുണ്ടായ അപകടങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിര്‍മ്മാണത്തിലെ ഗുണനിലവാരക്കുറവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മണലിന്റെ ഗുണനിലവാരക്കുറവാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് വേണുഗോപാല്‍ ആരോപിച്ചു. പ്രധാന കരാറെടുക്കുന്ന കമ്പനികള്‍ പലപ്പോഴും സ്ഥലത്തില്ലെന്നും പകരം സബ് കോണ്‍ട്രാക്ട് ലഭിച്ച കമ്പനികളാണ് മേല്‍നോട്ടം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ നടന്ന സമയങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം ആശങ്കാജനകമാണ്. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സര്‍വീസ് റോഡുകളുടെ പരിതാപകരമായ അവസ്ഥയും എംപി സഭയില്‍ ചൂണ്ടിക്കാട്ടി.

കെ.സി. വേണുഗോപാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കി. കേരളത്തിലെ സ്ഥലപരിമിതി മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഗതാഗത നിയന്ത്രണത്തില്‍ അലംഭാവം ഉണ്ടായതായും മന്ത്രി സമ്മതിച്ചു.

സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍മ്മാണ മേഖലയില്‍ താല്‍ക്കാലികമായി ഒരുക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി സഭയെ അറിയിച്ചു.