
കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്റെ പുതിയ മേയറാകും. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയില്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നും ഭരണത്തുടര്‍ച്ചയില്‍ ഇന്ദിരയുടെ നേതൃത്വം കരുത്താകുമെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയില്‍ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര.
പയ്യാമ്പലം ഡിവിഷനില്‍ നിന്ന് കടുത്ത മത്സരത്തിനൊടുവിലാണ് പി. ഇന്ദിര കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് വിമതനടക്കം നാല് സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന പയ്യാമ്പലത്ത് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവര്‍ വിജയിച്ചത്. 2015-ല്‍ കണ്ണൂര്‍ കോര്‍പറേഷനായി മാറിയത് മുതല്‍ കൗണ്‍സിലറായ ഇന്ദിരയുടെ മൂന്നാമത്തെ വിജയമാണിത്. ഓരോ തവണയും വ്യത്യസ്ത ഡിവിഷനുകളില്‍ നിന്ന് മത്സരിച്ച് വിജയിച്ചു എന്നത് ശ്രദ്ധേയമാണ്.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് കോര്‍പറേഷനില്‍ നടത്തിയത്. ആകെ 56 ഡിവിഷനുകളില്‍ 36 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. മുന്‍പ് വിജയിച്ച ഡിവിഷനുകള്‍ പോലും നിലനിര്‍ത്താനാകാതെ എല്‍ഡിഎഫ് 15 സീറ്റുകളിലേക്ക് ഒതുങ്ങി.