
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ സര്‍വകലാശാലാ വിഷയങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പിലൂടെ സിപിഎമ്മും എസ്എഫ്ഐയും പൊതുസമൂഹത്തില്‍ അപഹാസ്യരായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിച്ചതിനെതിരെ അക്രമ സമരം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലാ വളപ്പിലെത്തി സമരത്തിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ച ഗോവിന്ദന്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡോ. സിസയെ സ്ഥിരം വിസിയായി നിയമിച്ചതും കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ പിന്‍വലിച്ചതും ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീണ്ടപ്പോള്‍ സ്വന്തം സംഘടനയിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹം കൈവിട്ടു. രക്തബന്ധത്തേക്കാള്‍ വലുതല്ലല്ലോ പാര്‍ട്ടി ബന്ധമെന്ന് ചെന്നിത്തല പരിഹസിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയിലെ കോടികളുടെ അഴിമതി സംബന്ധിച്ച പരിശോധനകള്‍ ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ക്യാമ്പസുകളില്‍ അനാവശ്യ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത്തരം തെറ്റായ നയങ്ങള്‍ കാരണമാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സിപിഎം തയ്യാറാകണം. രജിസ്ട്രാര്‍ അനില്‍കുമാറിനെ ബലിയാടാക്കിയ സിപിഎം നിലപാടില്‍ പാര്‍ട്ടിയിലെ അധ്യാപക സംഘടനകള്‍ പ്രതികരണം വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.