മേയർക്ക് അഹങ്കാരവും ധാർഷ്ട്യവും; ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Jaihind News Bureau
Thursday, December 18, 2025

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യവും അഹങ്കാരവുമാണ് തലസ്ഥാനത്ത് ഇടതുമുന്നണിക്ക് തിരിച്ചടിയായതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ‘വിളയാതെ ഞെളിയരുത്’ എന്ന് ആര്യയെ ഉപദേശിച്ച അദ്ദേഹം, അധികാരത്തിലിരുന്ന് കാണിക്കുന്ന ധാർഷ്ട്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പണ്ടത്തെ കാലമല്ല ഇതെന്നും ജനങ്ങളോട് നന്നായി പെരുമാറാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയറുടെ പ്രവർത്തനങ്ങള്‍ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം ഉയർത്തുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ ഈ രൂക്ഷപരാമർശം.

ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ സവർണ വോട്ടുകൾ ലഭിച്ചില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എൻഡിഎ മുന്നണിക്കൊപ്പം നിന്നിട്ട് പത്ത് വർഷമായി നടന്നു കാലു തേഞ്ഞതല്ലാതെ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇടതുപക്ഷത്തുള്ളവർക്ക് പല പരിഗണനകളും ലഭിക്കുമ്പോൾ എൻഡിഎയിൽ ബിഡിജെഎസിന് അവഗണന മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ മുന്നണി മാറ്റത്തെക്കുറിച്ച് ബിഡിജെഎസ് ചിന്തിക്കുന്നുണ്ടെന്നും, എസ്എൻഡിപി യോഗം അതിൽ ഇടപെടില്ലെങ്കിലും തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവിലെ പാരഡി പാട്ട് വിവാദങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും യാഥാർത്ഥ്യബോധത്തോടെയാണ് കാര്യങ്ങളെ കാണേണ്ടതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ക്ഷീണം സംഭവിച്ചു എന്നത് സത്യമാണ്. എന്നാൽ അതിന്റെ അർത്ഥം മുന്നണി മുങ്ങിപ്പോയി എന്നല്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കരുത്ത് തെളിയിക്കുമെന്നും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രവചിച്ചു.