
കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് സർക്കാരിനോടുള്ള കടുത്ത അതൃപ്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ക്രിസ്ത്യൻ വിഭാഗത്തോട് സംസ്ഥാന സർക്കാർ രണ്ടാംകിട പൗരന്മാരെന്ന നിലയിലാണ് പലപ്പോഴും പെരുമാറുന്നതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ തുറന്നടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വികാരം പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് ‘കാത്തിരുന്നു കാണാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിലടക്കം സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ സഭ രൂക്ഷമായി വിമർശിച്ചു. മറ്റ് വിഭാഗങ്ങളുടെ സ്കൂൾ നിയമനങ്ങൾക്ക് സർക്കാർ വിധിയനുസരിച്ച് സാധുത നൽകിയപ്പോൾ, ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളെ അവഗണിച്ച നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനപരമായ നിലപാടുകൾ ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു.