പേര് മാറ്റത്തിലൂടെ വര്‍ഗീയ അജന്‍ഡ നടത്താന്‍ ബിജെപി ശ്രമിക്കുന്നു; മഹാത്മാഗാന്ധിയുടെ മഹത്വം മായ്ക്കാനാവില്ല: ജി റാം ജി ബില്ലിനെതിരെ ബെന്നി ബെഹനന്‍ എംപി

Jaihind News Bureau
Wednesday, December 17, 2025

ന്യൂഡല്‍ഹി: ജി റാം ജി ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ബെന്നി ബെഹനന്‍ എംപി. പേരു മാറ്റത്തിന്റെ മറവില്‍ വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മഹാത്മാഗാന്ധിയുടെ ശോഭയെ ഒരു പേരുമാറ്റം കൊണ്ട് നശിപ്പിക്കാമെന്ന് ആരും കരുതരുത്. കേന്ദ്രമന്ത്രി ‘ജി റാം ജി’ എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചതെങ്കില്‍, താന്‍ ‘മഹാത്മാഗാന്ധി അമര്‍ രഹേ’ എന്ന് വിളിച്ചാണ് പ്രസംഗം അവസാനിപ്പിക്കുന്നത് എന്നും ബെന്നി ബെഹനന്‍ എംപി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പാവങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിക്കാനാണ് രൂപകല്‍പ്പന ചെയ്തതെന്നും, എന്നാല്‍ പുതിയ ബില്‍ ആ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരില്‍ തുടരേണ്ടത് ചരിത്രപരവും സാമൂഹികവുമായ ഉത്തരവാദിത്വമാണെന്നും, അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു നീക്കവും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും എംപി വ്യക്തമാക്കി.