
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലടക്കം ആര്‍.ജെ.ഡി നേരിട്ട പരാജയത്തില്‍ അതീവ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍. തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികളെ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ കാലുവാരിയെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം മുന്നണിയില്‍ ഗൗരവമായി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയില്‍ മുന്നണിയില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നതാണ് പാര്‍ട്ടിയുടെ പ്രധാന പരാതി. പലയിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ആസൂത്രിത നീക്കം നടന്നതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍, നിലവില്‍ എല്‍.ഡി.എഫില്‍ തന്നെ തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം. യു.ഡി.എഫുമായി ഇതുവരെ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ‘സ്വര്‍ണ്ണപ്പാളി’ പാരഡി ഗാനത്തെ വെറും ആക്ഷേപഹാസ്യമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും ഇത്തരം ആക്ഷേപഹാസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ വിവാദത്തില്‍ സി.പി.എം കൃത്യമായ നടപടി എടുക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടി നടപടി എടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത ഉണ്ടാകുമായിരുന്നു. എങ്കിലും, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം ആണെന്നും ഇത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.