ആശ്വാസം… വയനാട് പനമരത്ത് ജനവാസമേഖലയിലിറങ്ങിയ കടുവ കാടുകയറി

Jaihind News Bureau
Wednesday, December 17, 2025

വയനാട് പച്ചിലക്കാട്-പനമരം മേഖലകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭീതി പടര്‍ത്തിയ കടുവ ഒടുവില്‍ കാടുകയറി. പാതിരി വനമേഖലയിലേക്ക് കടുവ കയറിപ്പോയതിന്റെ വ്യക്തമായ കാല്‍പാടുകള്‍ വനംവകുപ്പ് കണ്ടെത്തി. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന വിവരം പുറത്തുവരുന്നത്.

വയനാട് വന്യജീവി സങ്കേതത്തിലെ 112-ാം നമ്പറിലുള്ള അഞ്ചുവയസുള്ള ആണ്‍ കടുവയാണ് ജനവാസമേഖലയില്‍ ഇറങ്ങിയത്. മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ കാടുകയറിയതായി സ്ഥിരീകരിച്ചത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മേച്ചേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.

മേച്ചേരി പുളിക്കല്‍ റോഡില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണ് വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വയലിലൂടെ പുഴയുടെ സമീപം വരെ എത്തിയ കടുവ പിന്നീട് തോട്ടങ്ങള്‍ വഴി വനമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പടിക്കംവയല്‍ പ്രദേശത്താണ് കടുവയെ ആദ്യമായി കണ്ടത്. ഇന്നലെ പകല്‍ മുഴുവന്‍ പുളിക്കലിലെ വയലിന് സമീപമുള്ള പൊന്തക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ രാത്രിയോടെ വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് തന്നെ നീങ്ങുകയായിരുന്നു. എന്നാല്‍ ഒടുവില്‍ കടുവ പാതിരി വനമേഖല ലക്ഷ്യമാക്കി പോയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവ കാടുകയറിയെങ്കിലും വനംവകുപ്പ് മേഖലയില്‍ ജാഗ്രത തുടരുകയാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.