
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പാരഡി ഗാനം വിശ്വാസികളെ വേദനിപ്പിക്കുന്നു എന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാരഡി ഗാനം കേള്‍ക്കുമ്പോഴല്ല, മറിച്ച് അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നപ്പോഴാണ് വിശ്വാസികളുടെ മനസ്സ് വേദനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന സി.പി.എം അവര്‍ക്കെതിരെയുള്ള സര്‍ഗ്ഗാത്മക പ്രതിഷേധങ്ങളെ ഭയപ്പെടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പണ്ട് കെ. കരുണാകരനെ അധിക്ഷേപിക്കാനായി ഇതേ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി നിര്‍മ്മിക്കുകയും അത് പാര്‍ട്ടി ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ചരിത്രമാണ് സി.പി.എമ്മിനുള്ളത്. അന്ന് ഇല്ലാത്ത എന്ത് ‘വിശ്വാസ വേദന’യാണ് ഇപ്പോള്‍ സ്വര്ണ്ണക്കള്ളന്മാരെക്കുറിച്ച് പാടിയപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ അതേ ശൈലിയിലാണ് വിമര്‍ശകരെ നിശബ്ദരാക്കാന്‍ സി.പി.എം ഇപ്പോള്‍ പോലീസിനെ ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് സതീശന് ആരോപിച്ചു. പാനൂരിലും പയ്യന്നൂരിലും ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായി പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റുപോയിട്ടും അത് പടക്കം പൊട്ടിയതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ ഗ്രാമത്തില്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ പോലീസ് കുടപിടിച്ചു കൊടുക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുന്ന ഹീനമായ പ്രതികാര രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് വി ഡി സതീശന് വ്യക്തമാക്കി. ‘ശില്പം കോടീശ്വരന് വിറ്റുവെന്നത് കോടതി തന്നെ പറഞ്ഞ കാര്യമാണ്. രണ്ട് കോടിയുടെ മാനനഷ്ടക്കേസ് നല്കിയ കടകംപള്ളി ഇപ്പോള്‍ അത് പത്ത് ലക്ഷമായി കുറച്ചത് എന്തുകൊണ്ടാണ്? ഉണ്ണികൃഷ്ണന് പോറ്റിയെ വില്പനക്കാര്ക്കടുത്തേക്ക് അയച്ചതടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കും,’ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സി.പി.എമ്മിന്റെ വോട്ടുകള്‍ വന്‍തോതില്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞതായി സതീശന് ചൂണ്ടിക്കാട്ടി. കൊച്ചിയിലടക്കം ഇവര്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടി ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെയും എം.വി. ഗോവിന്ദന്റെയും വാദങ്ങളെ അദ്ദേഹം പരിഹസിച്ചു. ‘തോറ്റെന്ന് അവരെ വിശ്വസിപ്പിക്കാനാണ് പ്രയാസം. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് അവര്‍ വിശ്വസിച്ച് തന്നെ മുന്നോട്ട് പോകട്ടെ, അത് യു.ഡി.എഫിന് ഗുണകരമാകും.’
വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്ക് സഭ്യമായ രീതിയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹത്തിന്റെ പ്രായത്തെയും സ്ഥാനത്തെയും ബഹുമാനിക്കുന്നുവെന്നും പറഞ്ഞ സതീശന്, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമാക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു.