
ആലപ്പുഴ: കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയെ ചൊല്ലി ആലപ്പുഴയില്‍ സിപിഎം-സിപിഐ പോര് തെരുവിലേക്ക്. മുന്നണി മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് ഇരു പാര്‍ട്ടികളും പരസ്പരം ആരോപിക്കുമ്പോള്‍, ഇടതുകോട്ടയിലെ വിള്ളല്‍ എല്‍ഡിഎഫില്‍ വലിയ ആശങ്കയ്ക്ക് വഴിതുറക്കുകയാണ്.
കുട്ടനാട്ടിലെ പരാജയത്തിന് പ്രധാന കാരണം സിപിഐയുടെ നിലപാടാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ട് പഞ്ചായത്തുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിച്ചത് മുന്നണി വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായെന്നും, ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ ആരോപിച്ചു. മുന്നണി മര്യാദ പാലിക്കുന്നതില്‍ സിപിഐ പരാജയപ്പെട്ടതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയതെന്നാണ് സിപിഎം പക്ഷം.
എന്നാല്‍ സിപിഎമ്മിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി എസ്. സോളമന് രംഗത്തെത്തി. തോല്‍വിക്ക് കാരണം സിപിഐ അല്ലെന്നും സിപിഎമ്മിനുള്ളിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. ‘സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് തന്നെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറി വോട്ട് ചോദിച്ചത് മുന്നണി മര്യാദയുടെ ലംഘനമല്ലേ?’ – എസ്. സോളമന് ചോദിച്ചു.
സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് സിപിഐയുടെ നിലപാട്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ കുട്ടനാട്ടില്‍ പ്രധാന ഘടകകക്ഷികള്‍ തമ്മിലടിക്കുന്നത് മുന്നണിയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന ആശങ്കയിലാണ് എന്‍സിപി നേതൃത്വം. വോട്ട് ചോര്‍ച്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ഭയം ഇതര കക്ഷികള്‍ക്കുമുണ്ട്.