‘‘മഹാത്മാഗാന്ധിയുടെ ആശയങ്ങളോട് മോദിക്ക് കടുത്ത വെറുപ്പ്’; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, December 17, 2025

മഹാത്മാഗാന്ധിയുടെ ആശയങ്ങളോടും ദരിദ്രരുടെ അവകാശങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത വെറുപ്പാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ദര്‍ശനത്തിന്റെ ജീവസുറ്റ രൂപമാണ് എംജിഎന്‍ആര്‍ഇജിഎ. ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് ഇത് ഒരു ജീവനാഡിയായിരുന്നു. കൂടാതെ കോവിഡ് മഹാമാരി് സമയത്ത് നിര്‍ണായക സാമ്പത്തിക സുരക്ഷാ വലയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും അതാണ് ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ പദ്ധതി എല്ലായ്‌പ്പോഴും പ്രധാനമന്ത്രി മോദിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അതിനെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഇന്ന്, തൊഴിലുറപ്പ് പദ്ദതി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ സാമൂഹിക മാധ്യമ പോസ്റ്റില്‍ പങ്കുവെച്ചു.

തൊഴില്‍ അവകാശം, ഗ്രാമങ്ങള്‍ക്ക് അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള സ്വയംഭരണാവകാശം, കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ വേതന പിന്തുണയും മെറ്റീരിയല്‍ ചെലവുകളുടെ 75% ഉം എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളെ ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിച്ചതാണ് തൊഴിലുറപ്പ് പദ്ധതി. ഇപ്പോള്‍, എംജിഎന്‍ആര്‍ഇജിഎയെ കേന്ദ്രീകൃത നിയന്ത്രണത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റാന്‍ മോദി ശ്രമിക്കുകയാണ്. ഈ പുതിയ ബില്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളോടുള്ള നേരിട്ടുള്ള അപമാനമാണ്. വന്‍തോതിലുള്ള തൊഴിലില്ലായ്മയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ച ശേഷം, ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ സുരക്ഷിതമായ ഉപജീവനമാര്‍ഗ്ഗമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും സഡക് മുതല്‍ സന്‍സദ് വരെ, ഈ ജനവിരുദ്ധ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.